Thursday, September 6, 2012

ഇന്നലെ ഞാന്‍ വീട്ടിലേക്ക് വിളിച്ചപോള്‍ സഹധര്‍മിണി പറഞ്ഞു ഇവിടെ നല്ല മഴയാണ് ഒന്നും ശരിക്ക് കേള്‍ക്കുന്നില്ല.....
ഉടനെ തന്നെ ഞാന്‍ പിന്നെ വിളിക്കാം എന്ന് പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു.
അങ്ങനെ ഞാന്‍ എന്തു ചെയ്യുമെന്ന് കരുതി ബെഡില്‍ അങ്ങനെ മലര്‍ന്നു കിടക്കുകയാണ് അപോഴാണു മനസ്സിലേക്ക് കുട്ടിക്കാലത്തെ മഴക്കാലം ഓടിയെത്തിയത് ......


പാടവും തോടും ഒന്നാകുന്ന ആ ദിവസം,  അന്ന് എന്തു ഉല്ലാസമാണെന്നോ...?...  ആ ദിവസങ്ങളില്‍ രാവിലെ എണീക്കാന്‍ ഭയങ്കര മടിയാണ്... സ്കൂളില്‍ പോകണമെന്ന്  ആലോചിക്കുമ്പോള്‍ ദേഷ്യം വരും.....


Friday, August 17, 2012




കുട്ടിക്കാലത്തെ നോമ്പിന്‍റെ ഓര്‍മകളിലൂടെ ഒരെത്തിനോട്ടം.....!

നോമ്പു കള്ളന്‍ !
പരിശുദ്ധ റംസാന്‍ ആഗതമാകുമ്പോള്‍ ആദ്യമായി മനസ്സില്‍ ഓടിയെത്തുക 27- യാം രാവിന്‍റെ ഓര്‍മകളാണ്. വളരെ ചെറുപ്പത്തിലേ ഉമ്മ ഞങ്ങളെ നോമ്പനുഷ്ട്ടിച്ചു ശീലമാക്കിയിരുന്നു. ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി നോമ്പ് പിടിക്കുന്നത്‌. പക്ഷെ അത് പൂര്‍ണ്ണ നോമ്പായിരുന്നില്ല, മറിച്ച് ഉച്ച വരെ നോമ്പ്! അങ്ങനെ രാവിലെയൊക്കെ വളരെ ഉന്മേഷത്തോടെ അങ്ങുമിങ്ങും ഓടി നടന്ന് ചങ്ങാതിമാരുടെ കൂടെ കളിച്ചു നടക്കും. ഒരു പത്തു മണിയാകുമ്പോഴേക്കും കളികളൊക്കെ തീരും. കളി തീരുന്നതോടൊപ്പം എന്നിലുള്ള ഊര്‍ജവും തീരാന്‍ തുടങ്ങും...! ഉമ്മ ചോദിക്കും “ഇമ്മാന്‍റെ കുട്ടി കൊയങ്ങിയോ...?” ഞാന്‍ പറയും ഇല്ലുമ്മ... പക്ഷെ ഉള്ളിലുള്ള ക്ഷീണം എന്നെയൊന്നും വകവെക്കാതെ മുഖത്തു അവതരിച്ചു...!
ഏകദേശം പത്തു മണി സമയം എന്‍റെ  സര്‍വ്വ ശക്തിയുമെടുത്ത് ഞാന്‍ പിടിച്ചു നിന്നു. പക്ഷെ വയറിലെ ഓരോ അവയവും ഞങ്ങള്‍ക്കെന്തെങ്കിലും ദഹിപ്പിക്കാന്‍ തരണേ എന്നലറി കൊണ്ടേയിരുന്നു.... അവയുടെ ശബ്ദകോലാഹലങ്ങള്‍ എനിക്ക് നന്നായി കേള്‍ക്കാമായിരുന്നു.
ഞാന്‍ പതുക്കെ ഞങ്ങളുടെ ചെറിയ വീടിന്‍റെ ചെറിയ മുറിയിലേക് നീങ്ങി, അവിടെയാണ് ഞാനും ഉമ്മയും കിടക്കുന്നത്, നിലത്ത് കൈതോല പായ വിരിച്ചു അതില്‍ ഉന്നം നിറച്ചുണ്ടാക്കിയ തലയണ വെച്ച്. ഉമ്മ എനിക്കൊരു ‘കുഞ്ഞു പായയും, കുഞ്ഞു തലയണയും’ ഉണ്ടാക്കി തന്നിട്ടുണ്ട്. അതൊരു “കുഞ്ഞുപഞ്ഞി” തലയണയായിരുന്നു. അതില്‍ മുഖമര്‍ത്തി കിടക്കാന്‍ ഒരു പ്രത്യേക സുഖം തന്നെയാണ്.
രാവിലെ എണീക്കുമ്പോള്‍ ശരീരത്തില്‍ പുറത്തും കൈകളിലും കൈതോലപ്പായയുടെ പാടുകള്‍ അവശേഷിക്കും. അത് ഇന്നും മനസ്സില്‍ മായാത്ത ഒരു ഓര്‍മയായ് നില നില്‍ക്കുന്നു.
ഞാന്‍ റൂമിലേക്ക് നീങ്ങിയപോ എന്‍റെ പൊന്നുമ്മ എന്നെ കണ്ടു! “ന്‍റെ കുട്ടി കൊയങ്ങിയല്ലേ...നോമ്പ് മുറിച്ചല്ലേ....?” ഞാന്‍ ആദ്യത്തില്‍ നിഷേധ ഭാവത്തില്‍ തലയ്യാട്ടി, അപ്പൊ ഉമ്മ പറഞ്ഞു “ന്‍റെ കുട്ടിക്ക് നാളെ നോല്‍ക്കാട്ടോ.. കുട്ട്യോള് ഉച്ചവരെ നോമ്പ് നോറ്റാലും രണ്ടീസത്തെ നോമ്പ് ഒരു നോമ്പ്  ആയി കൂട്ടൂട്ടോ....” അന്നേരം എന്‍റെ മുഖമൊന്നു തിളങ്ങി, കാരണം ഇന്ന് ഉച്ചവരെയും നാളെ ഉച്ചവരെയും... അപ്പൊ എനിക്ക് ഒരു നോമ്പ് ആവുമല്ലോ....... അങ്ങനെ ഉമ്മ തലേ ദിവസത്തെ ചോറും കറിയും ചൂടാക്കി എന്‍റെ മുമ്പില്‍ വെച്ച് തന്നു. കൂടെ ഒരു നാടന്‍ മുട്ട പൊരിച്ചതും! അങ്ങനെ ആര്‍ത്തിയോടെ ഞാനത് കഴിക്കുമ്പോഴാണ് എന്‍റെ പൊന്നാര ഇക്കാക്ക വന്നത്! വന്ന പാടെ എന്നെ നോക്കി അയ്യേ നോമ്പ് കള്ളന്‍ എന്ന് പറഞ്ഞു കളിയാക്കി... എനിക്ക് ഇത്തിരി ചമ്മലുണ്ടായി. ഉമ്മച്ചിയെന്നെ പിന്താങ്ങാനുണ്ടായിരുന്നു. ഉമ്മ പറഞ്ഞു “ഓന്‍ ചെറീ കുട്ട്യല്ലേ ....ഇജ്ജ്‌ ഒന്ന് മുണ്ടാതിരിക്ക്ണ്ടോ....” അത് കേട്ടയുടനെ ഇക്കാക്കയും എന്നെ സമാധാനിപ്പിച്ചു, നിനക്ക് നാളെ നോമ്പ് നോല്‍കാട്ടോ..... 
ഞാന്‍ തുടക്കത്തില്‍ പറഞ്ഞല്ലോ, നോമ്പ് ആഗതമാകുമ്പോള്‍ 27- യാം രാവാണ് ഓര്‍മ വരികയെന്ന്. 27- യാം രാവ്‌ എന്നാല്‍, ആയിരം മാസങ്ങളെക്കാള്‍ പുണ്യം ലഭിക്കുന്ന “ലൈലത്തുല്‍കതിര്‍” എന്ന റമളാനിലെ പുണ്യ ദിവസത്തെ വരവേല്‍ക്കാന്‍ നോമ്പ് 26-നു  വൈകീട്ട് ഞങ്ങളുടെ നാട്ടില്‍ ഒട്ടു മിക്ക മുസ്ലിം വീടുകളിലും സാധാരണയുള്ള ഒരു ചടങ്ങാണ് എന്തെങ്കിലും മധുര പലഹാരമുണ്ടാക്കല്‍. എന്‍റെ വീട്ടില്‍ ഒട്ടുമിക്ക സമയത്തും ഉണ്ടാക്കാറുള്ളത്‌ “കലത്തപ്പം” എന്ന പലഹാരമാണ്. അരിപ്പൊടിയും, തേങ്ങയുടെ ചെറിയ കഷ്ണങ്ങളും, ജീരകവും, ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന മാവ് ഉപയോഗിച്ച് ചുട്ടെടുക്കുന്ന അപ്പമാണ് “കലത്തപ്പം”. അത് ഓര്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറും! വലിയ ചെമ്പട്ടിയില്‍ (ചെരുവം) ആവശ്യത്തിനു എണ്ണയിട്ടു വറവിട്ടതിനു ശേഷം ഈ മാവ് ചെമ്പട്ടിയില്‍ ഒഴിക്കും, അതിനു ശേഷം നല്ലവണ്ണം മൂടി, ബിരിയാണിയെ ഓര്‍മ്മിപ്പിക്കും വിധം അടപ്പിനു മുകളിലും തീ കനല്‍ കൊരിയിടും.
ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കാലം പതിവ് പോലെ 27- യാം രാവില്‍ വൈകിട്ട് ഉമ്മ അപ്പം ചുട്ടു വൈകുന്നേരം അതിന്‍റെ മൂടി തുറന്നപ്പോള്‍ അതില്‍ നിന്നും വെന്ത എണ്ണയുടെയും, വരവിട്ട ഉള്ളിയുടെയും മണം എന്‍റെ സകല      നിയന്ത്രണവും ഭേദിച്ചു നാസാരന്ദ്രങ്ങളെ തുളച്ചു ഉള്ളില്‍ കയറി! അന്ധരീക്ഷമാകെ കലത്തപ്പത്തിന്‍റെ ഗന്ധം മാത്രം..... ഇനി ആകെ 45-മിനിറ്റ് മാത്രമേ ബാങ്ക് വിളിക്കാനോള്ളൂ...അപ്പത്തിന്‍ മണം അടിച്ചു കയറിയിട്ട് ആ 45-മിനിറ്റ് 45- മണിക്കൂറായി അനുഭവപ്പെടുന്ന പോലെ എനിക്കു തോന്നി.
ഉമ്മ അപ്പം ചെരുവത്തില്‍ നിന്നും വളരെ ശ്രദ്ധയോടെ പുറത്തെടുത്തു. ഏകദേശം ഒരു ഓട്ടോറിക്ഷയുടെ ചക്രത്തിന് സമാനമായ വലിപ്പം! പേടിക്കണ്ട, എന്‍റെ വീട്ടില്‍ അതൊക്കെ തിന്നു തീര്‍ക്കാനുള്ള ആളുകളുണ്ട്. ഞങ്ങള്‍ എട്ടു മക്കള്‍, അതില്‍ ഏറ്റവും  ചെറിയവന്‍ ഞാന്‍, ഉമ്മയുടെ ഒത്തിരി ലാളനയും മറ്റും കിട്ടി വളര്‍ന്നതിന്‍റെ അല്പം കുഴപ്പമൊക്കെ ഞാന്‍ കാണിക്കല്‍ ഉണ്ട്ട്ടോ! പിന്നെ എട്ടില്‍ അഞ്ചു പേര്‍ വിവാഹിതര്‍, അവരുടെ മക്കള്‍ അങ്ങനെ നീളുന്നു ആ ലിസ്റ്റ്..... ഇപ്പൊ ഒരു പക്ഷെ നിങ്ങള്‍ക്ക് തോന്നുന്നുണ്ടാകും ഓട്ടോറിക്ഷയുടെ ചക്ര സമാനമായ അപ്പം പോര പകരം ലോറിയുടെ ചക്ര സമാനമായത്‌ വേണമെന്ന്...!
അന്ന് നോമ്പ് തുറക്കാന്‍ എല്ലാവരും നിലത്ത് പലകയിട്ട് അതിന്മേലായിരുന്നു ഇരുന്നിരുന്നത്. സാധാരണ രീതിയില്‍ വീട്ടില്‍ ഉണക്ക കാരക്കയും, പച്ചവെള്ളവും കൊണ്ടായിരുന്നു നോമ്പ് തുറന്നിരുന്നത്. പക്ഷെ അന്ന് ഞാന്‍ നോമ്പ് തുറന്നത് കലത്തപ്പം കൊണ്ട്! ചങ്ങടെ ഉമ്മ അപ്പം പ്രത്യേക രീതിയില്‍ (ത്രികൊണാക്രതി) മുറിച്ചു വെച്ച അപ്പക്കഷ്ണങ്ങള്‍ ഓരോന്നായി എന്‍റെ ഉശിരന്‍ പല്ലുകള്‍ ചവച്ചരച്ചു കൊണ്ടേയിരുന്നു... അങ്ങനെ എന്‍റെ വയര്‍ നിറഞ്ഞതിനു ശേഷവും ഒരു കഷ്ണവും കൂടിയെടുത്തു കഴിച്ചു ഞാന്‍ നിര്‍ത്തി. പിന്നെ ഒരുപാട് ചായയും കുടിച്ചു. ഇത്രയൊക്കെ ആയപ്പോഴേക്കും ഞാന്‍ ഒരു വിധം ആയിരുന്നു. സാധാരണ നോമ്പ് തുറന്നാല്‍ പ്രാര്‍ഥനക്ക് പള്ളിയില്‍ പോകാറുണ്ടായിരുന്നു, അന്നത്തെ ദിവസം എണ്ണയില്‍ ഉണ്ടാക്കിയ “കലത്തപ്പം” എന്നെ പറ്റിച്ചു! ഞാന്‍ പോലും അറിയാതെ എന്നെ വളരെ നേരത്തെ തന്നെ ഉറക്കത്തിലേക്ക് കൂട്ടി കൊണ്ട് പോയി.

രാവിലെ ഏഴു മണി, ഞാന്‍ ഉണര്‍ന്നു നോക്കുമ്പോള്‍ എല്ലാവരും ഓരോരോ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഉപ്പ സാധനം വാങ്ങാന്‍ അങ്ങാടിയില്‍ പോയിരിക്കുന്നു. അപ്പോഴാണ് ഞാന്‍ ഓര്‍ത്തത്‌ 27- യാം രാവിന്‍റെ പിറ്റേന്ന് വീട്ടില്‍ എല്ലാ വര്‍ഷവും എന്‍റെ മരിച്ചു പോയ മൂത്തുമ്മയുടെ (ഉമ്മയുടെ സഹോദരി) പേരിലുള്ള ആണ്ട് (പ്രാര്‍ത്ഥന) നടത്താറുണ്ട്. തലേ ദിവസത്തെ അപ്പം ഉണ്ടാക്കിയ കിക്ക്‌ മാറാതെ ഞാനങ്ങനെ ഇരുന്നു. ഉമ്മ എന്നെ കണ്ടപ്പോള്‍ ചോദിച്ചു “എന്ത്യേ ന്‍റെ കുട്ടിക്ക് പറ്റ്യേ...? പയ്ച്ച്ണ്ടോ...?” ഞാന്‍ അതെയെന്ന ഭാവത്തില്‍ തലയാട്ടി. ഉമ്മ തലേ ദിവസത്തെ പത്തിരിയും സ്വാദൂറുന്ന കോഴിക്കറിയും ചൂടാക്കി തന്നു, കൂടെ അപ്പത്തിന്‍റെ ബാക്കിയും........! അതെല്ലാം അപ്പാടെ വൃത്തിയാക്കി വയര്‍ ഫുട്ബോള്‍ പോലെയാക്കി ഞാന്‍ മുറ്റത്തിറങ്ങി! ചങ്ങതിമാരോടോത്തു കളി തുടങ്ങി.
ഉച്ച സമയം ഉമ്മ എന്നെ നീട്ടി വിളിച്ചു. ഞാന്‍ ഉമ്മയുടെ അടുത്തു ചെന്നപ്പോ “ഇജ്ജ്‌ അന്‍റെ കജ്ജ്ങ്ങട്ടു നീട്ട്യെ... ഈ ചാറില്‍ ഉപ്പ്ണ്ടോന്നു നോക്ക്യേ ...” ഞാന്‍ ഒന്ന് കൂടി ഉന്മേഷവാനായി കാരണം നാടന്‍ കോഴിയുടെ കോഴിക്കറി! രുചി നോക്കാന്‍ കിട്ടിയ അവസരം ഞാന്‍ വേഗം കൈ നീട്ടി. ഉമ്മ പതുക്കെ ഊതി ആവി പറക്കുന്ന കോഴിക്കറി എന്‍റെ കയ്യിലേക്ക് ഒഴിച്ചു തന്നു. ഞാന്‍ ആര്‍ത്തിയോടെ രുചി നോക്കി....!
കറിയില്‍ ഇത്തിരി ഉപ്പ് കുറവായിരുന്നു. ഞാന്‍ പറഞ്ഞതനുസരിച്ച് കുറച്ചുകൂടി ഉമ്മ ഉപ്പ് കറിയിലിട്ടു. പിന്നെയും ഞാന്‍ ഉമ്മയെ ചുറ്റിപ്പറ്റി നില്‍ക്കുന്നത്‌ കണ്ട ഉമ്മ എന്നോട് ചോദിച്ചു “ഇഞ്ഞും എന്ത്യേ ഇവ്ടെ നിക്ക്കണത്? കളിച്ചാന്‍ പോണില്ല്യെ?” ഞാന്‍ വളരെ മടിച്ചു മടിച്ചു ഉമ്മയോട് പറഞ്ഞു, “ഇച്ച് ചാറില്‍ നിന്ന് ഒരു കോഴിക്കഷ്ണം മാണം” ഇത് കേട്ട് ഉമ്മ പറഞ്ഞു അത് വൈകുന്നേരം എല്ലാവരും വന്നിട്ടല്ലേ കഴിക്കാ... നോമ്പ് തുറക്കാന്‍ അയല്‍വാസികളും, പള്ളിയില്‍ നിന്ന് മൊല്ലാക്കയും, മുസ്ലിയാരും വന്നു പ്രത്യേക പ്രാര്‍ത്ഥനയുണ്ടാകും, അതിനു ശേഷം, ബാങ്ക് വിളിച്ചാല്‍ ഉടനെ എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കലാണ് പതിവ്. പക്ഷെ ഉമ്മയെന്നത് ലോകത്തില്‍ ഒന്നിനും പകരം വെക്കാന്‍ പറ്റാത്തതും സ്നേഹ നിധിയുമാണല്ലോ.. എന്തോ എന്‍റെ മുഖം വാടുന്നത് കണ്ട പോന്നുമ്മയുടെ മനസ്സലിഞ്ഞു! ഒരു ചെറിയ പാത്രമെടുത്ത് ആവി പറക്കുന്ന രണ്ടു കഷ്ണം കോഴിയിറച്ചി ഇട്ടു തന്നിട്ട് ഇങ്ങനെ പറഞ്ഞു “ബേം തിന്നോ....ബേറെ ആരും കാണണ്ട...” ഞാന്‍ അത് വാങ്ങിച്ചു അടുക്കളയുടെ ഒരു മൂലയിലിരുന്നു ഊതി...ഊതി കഴിക്കാന്‍ തുടങ്ങി. പെട്ടെന്നതാ എന്‍റെ ഇക്കാക്ക വീണ്ടും രംഗപ്രവേശം ചെയ്യുന്നു. ഇപ്രാവശ്യം ഇക്കാക്ക മാത്രമല്ല, രണ്ടാമത്തെ ഇക്കാക്കയും, കുഞ്ഞു പെങ്ങളും... ഞാനാകെ പരുങ്ങലിലായി. എല്ലാരും എന്നെ നോക്കി ഉറക്കെ “അയ്യേ....ഇവിടെയിതാ ഒരു നോമ്പ് കള്ളന്‍.....” വേഗം വരീ...നോമ്പ് കള്ളനെ കാണാന്‍.... എന്ന് അലറികൊണ്ട് അവര്‍ എല്ലാരും ചിരിക്കാന്‍ തുടങ്ങി...പിന്നെ അടുക്കളയില്‍ എന്തോ സംഭവിച്ച പോലെ ജോലിയില്‍ സഹായിക്കാന്‍ വന്ന അയല്‍വാസികളും കൂടെ കുട്ടികളും ഓടിയടുത്തു. എനിക്കപ്പോ അവരോടൊക്കെ എന്തെന്നില്ലാത്ത ദേഷ്യവും വെറുപ്പും തോന്നി. ഞാനാകെ മാനക്കേടിന്‍റെ കൊടുമുടിയില്‍ നില്‍ക്കുകയാണ്....അവിടെയും രക്ഷിക്കാന്‍  എന്‍റെ പൊന്നുമ്മച്ചി എത്തി. “ഓന്‍ ഇമ്മാന്‍റെ ചെറീ കുട്ട്യാ....ഓനു ബല്ല്യ ആളായിട്ട്  എല്ലാ നോമ്പും നോല്‍ക്കും...ഓനു ഇപ്പൊ പത്തു വയസ്സായിട്ടോള്ളൂ...ഇങ്ങള് ചിരിക്കൊന്നും ബേണ്ടാ, ഇങ്ങള് ഇതിലപ്പുറമായിരുന്നു...ഇച്ചല്ലേ അതറിയൂ...” “ ഇമ്മാന്റെ കുട്ടി തിന്നോളൂട്ടോ...” ഉമ്മയുടെ ആ വാക്കുകള്‍ കേട്ടപ്പോ എനിക്കുണ്ടായ ആശ്വാസവും, സന്തോഷവും പറഞ്ഞറിയിക്കാനാവാത്തതാണ്.
പക്ഷെ അന്നത്തെ ആ നോമ്പ് കള്ളനാവല്‍ പിന്നീട് എനിക്ക് ഒരു ദിവസം പകല്‍ സമയവും അപ്പം തിന്നാനുള്ള ഒരു ലൈസന്‍സ് നേടിത്തന്നു! എങ്ങനെയെന്നോ? ഞാന്‍ രുചി നോക്കിയ കറിയില്‍ ഭാഗ്യത്തിന് ഉപ്പ് വളരെ ക്രത്യമായിരുന്നു! പിന്നീടുള്ള വര്‍ഷങ്ങളില്‍ ഉമ്മ തന്നെ എന്നെ മനപ്പൂര്‍വ്വം 27- ഴാമത്തെ നോമ്പ് എടുക്കാന്‍ പ്രഭാതത്തില്‍ വിളിക്കില്ല, കാരണം അന്നത്തെ ദിവസം വീട്ടിലെ പരിപാടിക്കുള്ള സാധനങ്ങള്‍ വാങ്ങലും, അയല്‍പക്കത്ത്‌ നിന്നും മേശയും കസേരയും സ്ട്ടൂളും കൊണ്ട് വരലും എല്ലാം എന്‍റെ ജോലിയായിരുന്നു. അതിലൊക്കെ ഉപരിയായി “രുചി നോക്കാനും” എന്ന കാരണം വെച്ചായിരുന്നു ഉമ്മ എന്നെ പ്രഭാതത്തില്‍ വിളിക്കാതിരുന്നത്. ഈ ഒരു നോമ്പ് ഒഴിവാക്കല്‍ എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ പതിനാറാം വയസ്സ് വരെ തുടര്‍ന്നു.... നോമ്പില്ലാത്തത് കൊണ്ട് ആരെയും പേടിക്കാതെ തലേ ദിവസത്തെ അപ്പവും തിന്നാം.....
ഒരുപാടിഷ്ട്ടത്തോടെ  മൊയ്തീന്‍കുട്ടി കിഴിശ്ശേരി.                                                            ശുഭം!